കുന്നംകുളം : നഗരസഭ ഭരണസമിതി പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പദ്ധതി നിർവഹണ പുരോഗതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി അഭിമാന നേട്ടം കൈവരിച്ചു. 11.44 കോടി വകയിരുത്തിയ വികസന ഫണ്ടിൽ 3.82 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് ഒന്നാമതായി എത്തിയത്.
കുന്നംകുളം നഗരസഭ 33.39 ശതമാനം, രണ്ടാമതുള്ള ചേർത്തല നഗരസഭ 29.18 ശതമാനം, മൂന്നാമതുള്ള നിലമ്പൂർ നഗരസഭ 26 ശതമാനം എന്നിങ്ങനെയാണ് ചെലവഴിച്ചിട്ടുള്ളത്. ജില്ലയിൽ കൊടുങ്ങല്ലൂർ (25.86%), ചാവക്കാട് (23.99%) നഗരസഭകളാണ് കുന്നംകുളം നഗരസഭയ്ക്ക് പിറകിലുള്ളത്. മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിലും കുന്നംകുളം നഗരസഭ തന്നെയാണ് മുന്നിലുള്ളത്.
നഗരസഭ ഭരണസമിതി കഴിഞ്ഞ പദ്ധതി നിര്‍വഹണത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കെ.ആര്. നാരായണന് കമ്മ്യൂണിറ്റി ഹാളിലെ പ്രധാനഹാള്‍ തുറന്നുകൊടുക്കല്‍, ഏകലവ്യന് സ്മാരക ലൈബ്രറിയില്‍ പി.എസ്.സി പഠനത്തിനായി മുകള്‍നില നിര്‍മാണം, അര്‍ബന്‍ എഫ്എച്ച്സി ഒന്നാം നില നിര്‍മാണം, അങ്കണവാടികളുടെ നവീകരണം, പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മേശ, കസേര, പഠനോപകരണ വിതരണം, വയോജനങ്ങള്‍ക്ക് കട്ടില് വിതരണം, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിട നിര്‍മ്മാണം, മൃഗ സംരക്ഷണ, ക്ഷീര വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു.
പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചത് കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണെന്നു നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് അറിയിച്ചു.